site under construction

Attention my dear Friends

ഈലോകം :- UNDER CONSTRUCTION

0 comments

7:54 AM
കൊല്ലും കൊലവിളിയും നടക്കുന്ന നാട്...ആളുകള്‍ പേര് ചോദിച്ച് മതം മനസ്സിലാക്കി പരസ്പരം കുത്തിക്കൊല്ലുന്നു...അപ്പോഴാണ് കലാപം തീര്‍ക്കാനൊരു പരിഹാരവുമായി യുവനടന്‍ രംഗത്തെത്തുന്നത്...പേരിനുപകരം എല്ലാവര്‍ക്കും അദ്ദേഹം പത്തക്ക നമ്പര്‍ നല്‍കുന്നു....അതോടെ മതവും വര്‍ഗവും മനസ്സിലാക്കാനാകാതെ അക്രമികള്‍ കുഴയുന്നു...ഇരകള്‍ രക്ഷപ്പെടുന്നു...നാട്ടില്‍ സമാധാനം വിളയുന്നു...നമ്പര്‍ കൊണ്ടുവന്നൊരു മാറ്റം...വാട്ട് ഏന്‍ ഐഡിയ സര്‍ജീ....

മാസങ്ങള്‍ മുമ്പ് ടെലിവിഷനില്‍ നിറഞ്ഞുനിന്ന ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. മതവും ജാതിയുമില്ലാത്ത അക്കങ്ങള്‍ക്ക് നമ്മുടെ നാടെങ്ങനെ മാറ്റാനാകുമെന്ന സന്ദേശം കൂടിയുണ്ട് ആ പരസ്യത്തില്‍. കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആധാര്‍(ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍-യു.ഐ.ഡി.)പദ്ധതിയും ലക്ഷ്യമിടുന്നത് ഇതുതന്നെയാണ്. വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ ശേഖരിച്ച് ഓരോ ഇന്ത്യക്കാരനും 12 അക്ക നമ്പര്‍ നല്‍കുക.രാജ്യത്തിനകത്തുള്ള എന്തുകാര്യത്തിനും ആധാരമായി പിന്നെ ആ നമ്പര്‍ മാത്രം മതി. ഊരും പേരും മറന്നാലും ഈ നമ്പര്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ ആരാണെന്നും എന്താണെന്നും അധികൃതര്‍ക്ക് കണ്ടെത്താനാകും. പദ്ധതി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളുള്‍പ്പെടെ എല്ലാവരും ആധാര്‍ നമ്പറിലായിരിക്കും അറിയപ്പെടുക...ആ നമ്പറിലായിരിക്കും ഇന്ത്യ കണക്ട് ചെയ്യപ്പെടുക..രാജ്യത്ത് എവിടെ പോയാലും ആ നമ്പര്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കും...വാട്ട് ഏന്‍ ഐഡിയ സര്‍ജീ....


? എന്താണ് ആധാര്‍



അഞ്ചു വയസ്സ് പൂര്‍ത്തിയായ ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിക്കും പന്ത്രണ്ടക്ക നമ്പര്‍. ജനിച്ചു വീണയുടനും ആധാര്‍ ഉണ്ടാക്കാം.പക്ഷെ അച്ഛന്റെയും അമ്മയുടെയും ആധാര്‍ നമ്പര്‍ ആധാരമാക്കിയായിരിക്കും കുട്ടിക്ക് നമ്പറിടുക എന്നുമാത്രം.

ഫോട്ടോ,പത്ത് വിരലിന്റെയും അടയാളം,രണ്ടുകണ്ണിലെയും കൃഷ്ണമണിയുടെ ചിത്രം,ജനനത്തീയതി,വിലാസം,ഫോണ്‍ നമ്പര്‍,പാന്‍ നമ്പര്‍ തുടങ്ങി ഒരാളെക്കുറിച്ചുളള വിവരങ്ങളെല്ലാം ആധാറില്‍ ചേര്‍ക്കും.

ബാങ്ക്,പാസ്‌പോര്‍ട്ട്,ഡ്രൈവിങ് ലൈസന്‍സ്,പാന്‍ കാര്‍ഡ് തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം ആധാര്‍ നമ്പര്‍ മാത്രംമതി.നിങ്ങളുടെ നമ്പര്‍ ഓണ്‍ലൈനില്‍ അടിച്ച് ആവശ്യമുള്ളയാള്‍ക്ക് പരിശോധിക്കാം. ഇരുപത്തിനാലുമണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും. എപ്പോഴും എവിടെയും എങ്ങിനെയും നിങ്ങള്‍ തിരിച്ചറിയപ്പെടുന്നു.അതാണ് ആധാര്‍... അതുണ്ടെങ്കില്‍ മറ്റെല്ലാം മറന്നേക്കൂ...


? എന്തിനാണ് ആധാര്‍



മതത്തിന്റെയും ജാതിയുടേയും പേരില്‍ മനുഷ്യരെ തരംതിരിക്കുന്നത് ആധാര്‍ നമ്പര്‍ വരുന്നതോടെ പൂര്‍ണമായും ഒഴിവാക്കാനാകും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ആളുകളെ മേഖലകളുടെയും സംസ്ഥാനത്തിന്റെയും പേരില്‍ തരം തിരിക്കുന്ന രീതി ഇല്ലാതാകും. സ്വകാര്യപൊതുമേഖലാ വ്യത്യാസമില്ലാതെ ഉപഭോക്താവിന് സേവനം ലഭ്യമാകും.

അന്യസംസ്ഥാനങ്ങളില്‍ കുടിയേറുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ പലപ്പേഴും പ്രശ്‌നമാകാറുണ്ട്.അവിടെയാണ് ആധാറിന്റെ പ്രസക്തിയേറുന്നത്. നമ്മുടെ നാട്ടില്‍ ജോലിക്കെത്തുന്ന തമിഴനും കര്‍ണാടകക്കാരനും ബീഹാറിയും കീശയില്‍ ആധാര്‍ കരുതിയാല്‍ അത് അവര്‍ക്കും നമുക്കും നല്‍കുന്ന സുരക്ഷിതത്വം ഒന്നുവേറെത്തന്നെയല്ലേ?


? എവിടെ കിട്ടും ആധാര്‍



കേരളത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പാണ് പദ്ധതി ജനങ്ങളിലെത്തിക്കുന്നത്.ഗ്രാമങ്ങളില്‍ അക്ഷയയും നഗരങ്ങളില്‍ കെല്‍ട്രോണും സ്‌കൂളുകളില്‍ ഐ.ടി.അറ്റ് സ്‌കൂളുമാണ് അപേക്ഷ സ്വീകരിച്ച് നമ്പര്‍ നല്‍കുക. തിരിച്ചറിയല്‍ രേഖയും വിലാസം തെളിയിക്കാനുള്ള രേഖയുമാണ് അപേക്ഷയോടൊപ്പം നിര്‍ബന്ധമായും നല്‍കേണ്ടത്. രേഖകള്‍ സ്‌കാന്‍ ചെയ്ത് ഭാവിയിലെ ആവശ്യത്തിന് നമ്പറിനൊപ്പം സൂക്ഷിക്കും. ജില്ലാ പ്ലാനിങ് ഓഫീസറുടെ അംഗീകാരത്തോടെ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്താന്‍ നിയമിക്കും.തിരിച്ചറിയല്‍ രേഖയൊന്നുമില്ലാത്തവര്‍ക്കും ആധാര്‍ കിട്ടും. സ്ഥലത്തെ ജനപ്രതിനിധി പരിചയപ്പെടുത്തിയാല്‍ മതി. പക്ഷെ ജനപ്രതിനിധിക്ക് ആധാര്‍ ഉണ്ടായിരിക്കണം.ഓരോ സ്ഥലത്തും അപേക്ഷ വിതരണം ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതും മറ്റുമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കും. അപേക്ഷിച്ച് 60-90 ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍ നല്‍കാനാണ് പരിപാടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വം നല്‍കുന്ന സമിതികള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിക്കും. ജില്ലാകളക്ടര്‍ വര്‍ക്കിങ് ചെയര്‍മാനായിരിക്കും.


എന്തിനും ഏതിനും ആധാര്‍



പൊതു വിതരണ മേഖല,വളംഇന്ധന വിതരണം,സബ്‌സിഡി വിതരണം, ആരോഗ്യ ഇന്‍ഷൂറന്‍സ്, തൊഴിലുറപ്പ് പദ്ധതി, ബാങ്ക് അക്കൗണ്ട്, പാസ്‌പോര്‍ട്ട്,ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ടെലിഫോണ്‍, എല്‍.ഐ.സി.,സെന്‍സസ് തുടങ്ങി എന്ത് ആവശ്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ മതിയാകും.ഇന്ത്യയില്‍ 60ശതമാനം പേരും ബാങ്കിങ് മേഖലയ്ക്ക് പുറത്താണെന്നാണ് കണക്കുകള്‍. ആധാറിനൊപ്പം ഒരു ദേശസാത്കൃത ബാങ്കിന്റെ അക്കൗണ്ടുനല്‍കാനും അധികൃതര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. രാജ്യത്ത് ദാരിദ്രരേഖയ്ക്കു താഴെയുള്ള 45ശതമാനം കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ പലരും തട്ടിയെടുക്കുകയാണ്. ആധാര്‍ വരുന്നതോടെ സബ്‌സിഡിയും ആനുകൂല്യങ്ങളും കൃത്യമായി കിട്ടേണ്ടവര്‍ക്ക് കിട്ടുന്ന സ്ഥിതിവരും. ബയോമെട്രിക്ക് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന നമ്പറായതിനാല്‍ വ്യാജ കാര്‍ഡുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനാകും.നിലവിലുള്ള രേഖകളിലെ തട്ടിപ്പും ഇരട്ടിപ്പും ഒഴിവാക്കാനാകും.


വിവരങ്ങള്‍ പരസ്യമാക്കില്ല


ആധാറിനു വേണ്ടി നല്‍കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തുകയില്ല. വിവരങ്ങള്‍ ചോര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം തടയുന്നതിനാണിത്. ഓണ്‍ലൈനില്‍ നമ്പര്‍ അടിച്ചുകഴിഞ്ഞാല്‍ അതെ അല്ലെങ്കില്‍ അല്ല എന്ന വിവരം മാത്രമേ തെളിയുകയുള്ളൂ. സ്വകാര്യത സംരക്ഷിക്കാനാണ് ഈ ക്രമീകരണം. എന്നാല്‍ നമ്പര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് സ്വന്തം വിവരങ്ങള്‍ കാണാന്‍ സംവിധാനവും ഉണ്ടായിരിക്കും.


പണം കൈമാറാനും ആധാര്‍

ഒരു ആധാര്‍ നമ്പറില്‍ നിന്ന് മറ്റൊരു നമ്പറിലേക്ക് ബാങ്കുകള്‍ വഴി പണം കൈമാറാനുള്ള പദ്ധതിയും ഭാവിയില്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മൈക്രോ എ.ടി.എം.ഉപയോഗിച്ചുള്ള ഇത്തരം പദ്ധതി പാവങ്ങള്‍ക്കാണ് ഏറെ ഗുണം ചെയ്യുക. ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതിയിലെ കൂലി ജോലിക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാം. അക്കൗണ്ടിലെ പണമുപയോഗിച്ച് വാങ്ങുന്ന സാധനങ്ങളുടെ തുക വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റാനും ആധാര്‍ മതിയാകും. പാവങ്ങളും ആധാര്‍ വഴി സ്മാര്‍ട്ടാകാനൊരുങ്ങുകയാണ്...ഒരു ചെയ്ഞ്ച് ആര്‍ക്കാണിഷ്ടമില്ലാത്തത് ?

സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, വയനാട്, പത്തനംതിട്ട, കൊല്ലം, കാസര്‍കോട് ജില്ലകളിലാണ് ആധാര്‍ പദ്ധതി തുടങ്ങിയിരിക്കുന്നത്...

കടപ്പാട്
മാതൃഭൂമി

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Toggle Footer
Top